പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി

പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും.

പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.

കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയർ 50 രൂപയിൽ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയിൽ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ൽ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു. വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വർധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ൽ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.