അഴീക്കലില്‍ മാരിടൈം കോഴ്സുകള്‍ ആരംഭിക്കുന്നു
അഴീക്കല്‍ പോര്‍ട്ടിന്റെ ഭാഗമായി മാരിടൈം ബോര്‍ഡിന് കീഴിലുള്ള കോഴ്സുകള്‍ ആരംഭിക്കും. അഴീക്കല്‍ പോര്‍ട്ടിന്റെ തന്നെ സ്ഥലത്ത് കേരള മാരിടൈം ബോര്‍ഡ് കോഴ്സുകളായ ലാസ്ക്കര്‍, സെരാങ്ങ് കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞദിവസം കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അഴീക്കല്‍ പോര്‍ട്ടില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്കി. മാരിടൈം ബോര്‍ഡ് ചെയര്മാന് അഡ്വ വി.ജെ മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. തുടര്‍ന്ന് മറ്റു മരിടൈം കോഴ്സുകളും ആരംഭിക്കാനാണ് തീരുമാനം. പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത് ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകും. കോഴ്സ് ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി.
അഴീക്കല്‍ പോര്‍ട്ടില്‍ വിദേശ ചരക്കകപ്പലുകള്ക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ ഇഡിഐ യുടെ കസ്റ്റംസ് ഓഫീസിന്റെ പ്രവര്‍ത്തന പുരോഗതി ചെയര്മാന് നേരിട്ട് വിലയിരുത്തി. ഓഫീസിന്റെ നിര്‍മാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടു കൂടി പ്രവൃത്തി പൂര്‍ത്തിയാക്കും.
കടവുകളില്‍ നിന്ന് മണല്‍ ഏടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം പരിശോധിച്ചു. ഓരോ കടവിലെയും കണക്ക് എല്ലാ ദിവസവും പരിശോധിച്ച് കൃത്യമായി ക്രമപ്പെടുത്താനും യോഗം നിര്‍ദേശം നല്കി. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.