പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ: സർക്കാർ സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം
ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ- അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ- ദേശസാൽകൃത ബാങ്കുകളിലും ഡിസംബർ 30നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ജല്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ജില്ലാ അതിർത്തികളായ കൂട്ടുപുഴ, കൊട്ടിയൂർ, നിടുംപൊയിൽ, കരിവെള്ളൂർ, ചെറുപുഴ, ന്യൂമാഹി, തൃപ്രങ്ങോട്ടൂർ എന്നിവിടങ്ങളിൽ ‘ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ച ജില്ലയിലേക്ക് സ്വാഗതം’ എന്ന ബോർഡ് സ്ഥാപിക്കണം. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കുകയും ബോർഡ് സ്ഥാപിക്കുകയും വേണം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഡിസംബർ 30 നകം ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ചുമതല നൽകി. പഞ്ചായത്ത് പരിധിയിലെ പട്ടണങ്ങളിൽ ഗ്രാമപഞ്ചായത്ത്, കുടുബശ്രീ, സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ബദൽ ഉൽപ്പന്ന -പ്രദർശന വിപണന മേള സംഘടിപ്പിക്കും. ബദൽ ഉൽപ്പന്ന പ്രചരണം വർധിപ്പിക്കുന്നതിന് വ്യാപാരി സംഘടന ഭാരവാഹികളുടെയും, ബദൽ ഉൽപ്പന്ന നിർമാതാക്കളുടെയും യോഗം ഡിസംബർ 25 നകം വിളിച്ചു ചേർക്കും. പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങളിലും പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിലും പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണമെന്നും കലക്ടർ പറഞ്ഞു.
യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡുമാർ, സെക്രട്ടറിമാർ, ഡിഡിപി ടി ജെ അരുൺ , ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി രാജീവ്, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റർ ഇ കെ സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.