റേഷൻ കടയുടമകൾക്കായി അദാലത്ത് നടത്തി
51 റേഷൻ കടകളുടെ ലൈസൻസിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി ജിആർ അനിൽ
51 റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസൻസിക്കായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. കലക്ടേറ്റ് കോൺഫൻസ് ഹാളിൽ നടന്ന ജില്ലയിലെ റേഷൻ കട ഉടമകളുടെ അദാലത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് റേഷൻ കടകളുടെ ലൈസൻസ് അനന്തരാവകാശികൾ ഇല്ലാത്തതിനാൽ റദ്ദാക്കി പുതിയ വിജ്ഞാപനം നടത്താൻ അദാലത്തിലാണ് തീരുമാനിച്ചത്. അദാലത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നേരിട്ട് 39 പരാതികൾ തീർപ്പാക്കി. നേരത്തെ നടപടികൾ പൂർത്തിയാക്കിയ കടകൾ ഉൾപ്പെടെ 76 അപേക്ഷകളാണ് തീർപ്പാക്കിയത്.
അനന്തരാവകാശ നിയമപ്രകാരം 12 റേഷൻ കടകൾക്ക് അദാലത്തിൽ ലൈസൻസ് അനുവദിച്ചു. 13 റേഷൻ കട ഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. ക്രമക്കേട് കാരണം ലൈസൻസ് റദ്ദാക്കിയ 10 കടകളുടെ ലൈസൻസ് പിഴ ഈടാക്കി പുനഃസ്ഥാപിച്ചു. ഇവയിൽ ഒരു വർഷക്കാലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാവും. ക്രമക്കേട് ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. പട്ടികവർഗ, മലയോര മേഖലകളിലുൾപ്പെടെ റേഷൻ വിതരണത്തിലെ വീഴ്ചകൾ ഒരു കാരണവശാലും അനുവദിക്കില്ല. പത്ത് വർഷത്തിലേറെ പഴക്കമുള്ള ലൈസൻസ് സംബന്ധിച്ച അപേക്ഷകളിൽ ഉൾപ്പെടെ തീരുമാനമെടുത്തു.
കോവിഡ് ബാധിച്ച് മരിച്ച തലശ്ശേരിയിലെ 82ാം നമ്പർ റേഷൻ കടയുടമയായിരുന്ന മഹ്റൂഫിന്റെ ഭാര്യയ്ക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ലൈസൻസ് അനുവദിക്കാൻ മന്ത്രി നിർദേശിച്ചു. ഇതിനായി വ്യവസ്ഥകൾ ഇളവ് നൽകും. ഇവർക്ക് ഏഴര ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസിന് അർഹതയുണ്ട്. ഇത് ലഭ്യമാക്കാൻ വേണ്ട സഹായം നൽകാൻ മന്ത്രി നിർദേശം നൽകി.
ജില്ലയിൽ 854 റേഷൻ കടകൾക്ക് കീഴിലായി 655219 റേഷൻ കാർഡുകളാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുൻഗണനേതര വിഭാഗത്തിൽനിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് 6012 റേഷൻ കാർഡുകൾ മാറ്റിയിട്ടുണ്ട്. ഇതിൽ എഎവൈ കാർഡുകൾ 781, പിഎച്ച്എച്ച് കാർഡുകൾ 5231. സ്വമേധയാ 4925 മൂൻഗണനാ കാർഡുകൾ സറണ്ടർ ചെയ്തു. എഎവൈ 585, പിഎച്ച്എച്ച് 4340. പരിശോധനയിലൂടെ 802 അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ കണ്ടെത്തി. എഎവൈ 154, പിഎച്ച്എച്ച് 748. പരാതിയുടെ അടിസ്ഥാനത്തിൽ 185 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. എഎവൈ 42, പിഎച്ച്എച്ച് 143. പൊതുജനങ്ങളിൽനിന്ന് ഫോൺ മുഖാന്തിരവും നേരിട്ടും ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലും വകുപ്പിൽനിന്ന് നൽകിയ വാട്ട്സാപ്പ് നമ്പറിലൂടെ (9495998223) ലഭ്യമായ പരാതികളിൻമേലും വകുപ്പ് തല അന്വേഷണത്തിലൂടെ സമയബന്ധിതമായി അന്വേഷണം നടത്തിയും അനർഹമായി കൈവശം വെച്ച മുൻഗണനാ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി വരുന്നു.
തെളിമ പദ്ധതി പ്രകാരം റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താനായി ലഭിച്ച 2118 അപേക്ഷകളിൽ 1778 അപേക്ഷകൾ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളിൽ അന്വേഷണം നടത്തി തീർപ്പുകൽപ്പിച്ചുവരുന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിനായി ജില്ല, താലൂക്ക് തലങ്ങളിലും റേഷൻ കട തലത്തിലും വിജിലൻസ് സമിതികൾ രൂപീകരിച്ച് നടപടി സ്വീകരിച്ചുവരുന്നു.
ഇരിട്ടി താലൂക്കിലെ കൂനംപള്ള, രാമച്ചി പണിയ, ചതിരൂർ 110, വിയറ്റ്നാം, രാമച്ചി കുറിച്യ, അംേബേദ്കർ കോളനി, തളിപ്പറമ്പ് താലൂക്കിലെ ഏറ്റുപ്പാറ, പാറോത്തുംമല തലശ്ശേരി താലൂക്കിലെ പറക്കാട്, കൊളപ്പ, മുണ്ടയോട് കടവ് തുടങ്ങിയ പട്ടികവർഗ കോളനികളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്ക് റേഷൻ വാങ്ങാൻ ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നത് പരിഗണിച്ച് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി ആരംഭിക്കാനായി ക്വട്ടേഷൻ സ്വീകരിച്ച് നടപടി എടുത്തുവരുന്നു. ജില്ലാ സപ്ലൈ ഓഫീസും അഞ്ച് താലൂക്ക് സപ്ലൈ ഓഫീസുകളും കഴിഞ്ഞ ഡിസംബർ 23 മുതൽ തന്നെ ഇ-ഓഫീസുകളായി പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച വയനാട്ടിലെ അദാലത്തോടെ സംസ്ഥാനത്തെ റേഷൻ കട ഉടമകളുടെ ജില്ലാതല അദാലത്ത് പൂർത്തിയാവും.
അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ്കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു.