ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം: ജില്ലാ ദുരന്തനിവാരണ സമിതി യോഗം
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. ജില്ല എ കാറ്റഗറിയായതിനാല്‍ പൊതു പരിപാടികളില്‍ 50 പേര് മാത്രമേ പാടുള്ളൂ. ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണം. നിശ്ചിത ആളുകളില്‍ കൂടുതലുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളും. രാത്രികാല ടര്‍ഫ് ഫുട്ബോള്‍ മത്സരങ്ങളില്‍ അമ്പതിലേറെ പേര് കൂട്ടം കൂടുന്നത് നിയന്ത്രിക്കാനും യോഗം പൊലീസിന് നിര്‍ദ്ദേശം നല്കി. സമീപ ദിവസങ്ങളിലായി 150 ലേറെ ഉത്സവങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കാനിടയുണ്ടെന്ന് പൊലീസ് യോഗത്തില്‍ അറിയിച്ചു. ഉത്സവങ്ങള്‍ക്ക് ആളുകളെ പരിമിതപ്പെടുത്തുന്നതും കലാപരിപാടികള്‍ ഒഴിവാക്കുന്നതും സംബന്ധിച്ച് ഉത്സവ കമ്മറ്റികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കും. കമ്മറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും.
വാര്‍ഡ് തല ജാഗ്രതാ സമിതികളുടെയും ആര് ആര് ടി കളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശുപത്രി സേവനം ആവശ്യമുള്ള കൊവിഡ് രോഗികള്‍ നിര്‍ബ്ബന്ധമായും കൊവിഡ് കണ്ട്രോള് റൂമിന്റെ സഹായം തേടണമെന്നും യോഗം അറിയിച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ജില്ലാ കണ്ട്രോള് റൂം വഴി മാത്രമായിരിക്കും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുക. തളിപ്പറമ്പ് എഫ് എല്‍ടിസിയില്‍ കൂടുതല്‍ ജീവനക്കാര്‍ ചുമതലയേറ്റെടുക്കുന്ന മുറയ്ക്ക് പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ ബി കാറ്റഗറി രോഗികളെ അങ്ങോട്ട് മാറ്റാനും തീരുമാനമായി. നിലവില്‍ പരിയാരത്തുള്ള കൊവിഡ് രോഗികളില്‍ 50 ശതമാനത്തോളം ബി കാറ്റഗറിയിലുള്ളവരാണ്. സി കാറ്റഗറിയിലുള്ള ( ഗുരുതരാവസ്ഥയിലുള്ള) രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ഈ തീരുമാനം.
കുട്ടികളുടെ വാക്സിനേഷന് ഇതിനകം 89 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവരെക്കൂടി വാക്സിന് എടുപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ട്രൈബല്‍ മേഖലകളില്‍ കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, മറ്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.