ചിൽഡ്രൻസ് ഹോമിൽ തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാൻ ഇന്ന് സിഡബ്ല്യുസി യോഗം ചേരും.
പെൺകുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 20ആം തീയതി തന്നെ ഈ മാതാവ് ചിൽഡ്രൻസ് ഹോമിനെ സമീപിച്ചിരുന്നു. 24ആം തീയതിയും ഇതേ ആവശ്യവുമായി അവർ ചിൽഡ്രൻസ് ഹോമിനെ സമീപിച്ചു. എന്നാൽ, തുടർ വിദ്യാഭ്യാസം അടക്കം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിർത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെൺകുട്ടി അടക്കം 6 പേർ അവിടെനിന്ന് രക്ഷപ്പെടുന്നത്.