‘നിയമസഭ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ യു.ഡി.എഫ് – എൽ.ഡി.എഫ് പരസ്പര സഹായമുണ്ടായി’

ഫോട്ടോ : പ്രിയങ്ക പി വി

നിയമസഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പി തോൽവി: കാരണം തുറന്നു പറഞ്ഞ് ബിജു എളക്കുഴി

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സഹായകരമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം വർദ്ധിക്കുന്നതിന്റെ കാരണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബിജു എളക്കുഴി. കണ്ണൂർ വിഷന്റെ ‘രാഷ്ട്രീയവും ജീവിതവും’ പരിപാടിയിലാണ് അദ്ദേഹം യു.ഡി.എഫ്-എൽ.ഡി.എഫ് പരസ്പര സഹായമെന്ന ഗുരുതര രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ കാരണങ്ങളും ബിജു എളക്കുഴി അക്കമിട്ടു നിരത്തി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പൊതു സമൂഹത്തിൽ നിന്നും കിട്ടുന്ന വോട്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. മട്ടന്നൂരിൽ എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാണ് യു.ഡി.എഫ് മട്ടന്നൂർ മണ്ഡലത്തിൽ ഘടകകക്ഷിയുടെ ദുർബല സ്ഥാനാർത്ഥികളെ കൊണ്ടുവരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 7000 വോട്ടായി കുറഞ്ഞിരുന്നു എന്നത് ഇതിന്റെ തെളിവാണ്. ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകളെല്ലാം ഞങ്ങൾക്ക് സമാഹരിക്കാൻ സാധിച്ചു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തും. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നഗരസഭയിലെ എട്ട് വാർഡുകൾ ബി.ജെ.പിക്ക് ജയിക്കാൻ കഴിയും. ന്യൂനപക്ഷം അടക്കമുള്ളവരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുമെന്നും ബിജു എളക്കുഴി പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ്ണരൂപം കണ്ണൂർ വിഷനിൽ ഇന്ന് രാത്രി 9.30 ന് ‘ രാഷ്ട്രീയവും ജീവിതവും പരിപാടിയിൽ. ഇതിന്റെ പുനസംപ്രേഷണം നാളെ രാവിലെ 7.30 നും ഉച്ചക്ക് 1.30 നും ഉണ്ടാകും.