ആത്മവിശ്വാസത്തോടെ മുന്നേറാം; ജില്ലാപഞ്ചായത്ത് കൂടെയുണ്ട്
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി ‘മുന്നേറാം, ആത്മവിശ്വാസത്തോടെ’ എന്ന പേരില്‍ പരീക്ഷാ മുന്നൊരുക്ക പരിപാടിയുമായി ജില്ലാപഞ്ചായത്ത്. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ജില്ലയില്‍ മികച്ച വിജയം ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പി പി ദിവ്യ പറഞ്ഞു. ഇതിനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റാനും ആവശ്യമായ സാമൂഹ്യ പിന്തുണ നല്‍കും. പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സ്കൂളുകളില്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ റിഫ്രഷ്മെന്റിനുള്ള തുക ജില്ലാ പഞ്ചായത്ത് നല്‍കും. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപന പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരും. ഗൃഹ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കും . വിദ്യാര്‍ഥികളുടെ പഠനം, കല, കായികം, ലൈംഗിക വിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം നല്കി സര്‍ഗാത്മക അന്തരീക്ഷം ഒരുക്കാനുള്ള സമഗ്ര പാക്കേജ് അടുത്ത അധ്യയന വര്‍ഷം യാഥാര്‍ഥ്യമാക്കും. സ്കൂള്‍ ഭൂമികള്‍ അന്യാധീനപ്പെട്ടുവോ എന്നറിയുന്നതിനായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അംഗങ്ങളായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ.ടി സരള, ഡി ഡി ഇ മനോജ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓഡിനേറ്റര്‍ വി പ്രദീപന്, തലശ്ശേരി ഡി ഇ ഒ എ പി അംബിക, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം സോമരാജന്, എസ് എസ് കെ പ്രൊജക്ട് കോ ഓഡിനേറ്റര്‍ ഇ വിനോദ്, ഹയര്‍ സെക്കണ്ടറി കോ ഓഡിനേറ്റര്‍ ടി വി വിനോദ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.