അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ വേനൽ മഴ തുടരും
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരും. തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചു. അതേസമയം ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരത്തിന് ഭീഷണിയല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.