ഇന്നും കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇടിമിന്നൽ അപകടത്തിൽ രണ്ടു പേർ മരിക്കുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആന്‍ഡമാന്‍ കടലിലും, ശ്രീലങ്കയ്ക്ക് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് നിലവില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമായിരുന്നു ശക്തമായ മഴ ലഭിച്ചത്. ശക്തമായി വീറ്റിയടിച്ച കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.
ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളില്‍ 115.5 മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചനേരങ്ങളിലാണ് ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. അതിനാല്‍ ഇടിമിന്നലുള്ള സമയങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.