എം ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി : അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കള്ളക്കടത്തും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസില്‍ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇത് ചോദ്യം ചെയ്താണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളില്ല. വ്യാജ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. വ്യാജ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ പോലും ഇഡിയുടെ പക്കലില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കുന്നു.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ ആ ഉദ്യോഗസ്ഥൻ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകൾ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.