ദേശീയ പുരസ്കാര നിറവിൽ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം.
മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്കാരം. ആരോഗ്യ പരിപാലന രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ്(എൻ ക്യു എ എസ്) അംഗീകാരമാണ് മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്ക്കാരമാണിത്.
ഓരോ വർഷവും രണ്ട് ലക്ഷം രൂപ വീതം മൂന്ന് വർഷം ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്കാര തുകയായി ലഭിക്കും.ഒ.പി.വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, അണുബാധാനിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗി സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമ്മാർജ്ജനം, രജിസ്റ്റർ സൂക്ഷിപ്പ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.
സംസ്ഥാനത്ത് ഈ വർഷം പുരസ്കാരം ലഭിച്ച സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന സ്കോറോടെയാണ്(95.8%) മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം മാറി. രോഗികൾക്ക് ഇവിടെ മികച്ച സേവനം നൽകി വരുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.അനൂപ് പറഞ്ഞു
ആരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ടി.വി.രാജേഷ് എം.എൽ.എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.വി.പ്രീത ,മെഡിക്കൽ ഓഫീസർ ഡോ.അനൂപ്.സി.ഒ യുടെ നേതൃത്വത്തിലുള്ള ജീവനക്കാർ, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്കാരലബ്ധിക്കാധാരമായത്.എഴു മാസത്തോളമായി കൊവിഡ് കാലത്ത് ജീവനക്കാർ നടത്തിയ കഠിന പ്രയത്നത്തിൻ്റെ ഫലം കൂടിയാണ് ഈ മിന്നുന്ന വിജയം.