കർഷകർക്ക് പിന്തുണ; ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കും
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി). കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലേക്കും തുടർന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ വിവേകപൂർണവും പ്രായോഗികവുമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും എ.ഐ.എം.ടി.സി മുന്നറിയിപ്പ് നൽകി.
ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ സർവീസും അവസാനിപ്പിക്കും. ഉത്തർപ്രദേശ്, പഞ്ചാബ് ഡൽഹി, ഹരിയാണ, ഹിമാചൽ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും അവിടെ നിർത്തിയിടും.
കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തുള്ള എല്ലാ വാഹനങ്ങളും നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എ.ഐ.എം.ടി.സി പ്രസിഡന്റ് കുൽതരൻ സിങ് വ്യക്തമാക്കി.