കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി.
കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആവശ്യം.
പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും.
നിയമം മൂലം കർഷകരുടെ വിലപേശൽ ശക്തി കോർപ്പറേറ്റുകൾക്ക് മുന്നിൽ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യായവിലയിൽ നിന്ന് ഒഴിഞ്ഞു പോകാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്ന പ്രതിപക്ഷ ഭേദഗതി ശബ്ദവോട്ടോടെ തള്ളി.
പ്രമേയാവതരണ ചർച്ചയ്ക്ക് മറുപടി പറയവേ ഗവർണറുടെ അധികാരം ഓർമിപ്പിച്ച് മുഖ്യമന്ത്രി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവർണർ. ഗവർണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് എല്ലാ പിന്തുണയും നൽകാൻ സർക്കാരും ബാധ്യസ്ഥമാണ്.
ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഗവർണർക്ക് വിവേചനാധികാരമുള്ളത്. ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശയിൽ ഗവർണർക്ക് വിവേചനാധികാരമില്ല. സർക്കാരിന്റെ നിലപാട് ഗവർണറെ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.