ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി – വൈറ്റില മേല്‍പാലം തുറന്നുകൊടുത്തു; വി ഫോര്‍ കേരള നേതാക്കള്‍ അറസ്റ്റിൽ
കൊച്ചി: ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി – വൈറ്റില മേല്‍പാലം തുറന്നുവിട്ടതിന് വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. സംഭവത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.
ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു.
നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.
ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വൈറ്റില – കുണ്ടന്നൂര്‍ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.