കേരള കോൺഗ്രസിനെതിരേ വാതിലടക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും

രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നിൽക്കുക എന്നതിലപ്പുറം മറ്റൊരു നിലപാടും കേരള കോൺഗ്രസ് ജോസ് വിഭാഗം എടുത്തിട്ടില്ലെന്നും അവരുടെ നിലപാടിനെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങൾ നിൽക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നിൽക്കുക എന്നതിലപ്പുറം മറ്റൊരു നിലപാടും കേരള കോൺഗ്രസ് ജോസ് വിഭാഗം എടുത്തിട്ടില്ലെന്നും അവരുടെ നിലപാടിനെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങൾ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി


യുഡിഎഫ് നേതൃത്വം ജോസ് വിഭാഗത്തെ നേരത്തെ തന്നെ പുറംതള്ളിയിരുന്നു. എന്നാൽ അവർ പ്രത്യേക രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്നില്ല എന്ന നിലപാടാണ് അവർ എടുത്തത്. എൽഡിഎഫിനെതിരേയുള്ള യുഡിഎഫ് ദുർബലമാകുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ജോസ് കെ. മാണി വിഭാഗത്തിനാണ് ചിഹ്നവും പാർട്ടിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മറുവിഭാഗത്തിന്റെ നേതാവ് പി.ജെ. ജോസഫ് നിയമപോരാട്ടത്തിന് പോകുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടം തുടരുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ അന്തിമ വിധി എടുക്കുന്നതെന്നും ആ വിധിയനുസരിച്ച് ജോസിനാണ് പാർട്ടിയുടെയും ചിഹ്നത്തിന്റെയും അവകാശം കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ ജോസ് പക്ഷം അല്ലെങ്കിൽ ജോസ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എം ഇപ്പോൾ കൂടുതൽ ശക്തയാർജിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് വിവരങ്ങൾ ചോർത്തി നൽകാൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അങ്ങനെയാണങ്കിൽ അത് കലാപത്തിനുള്ള ആഹ്വാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവർ ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *