മേളയുടെ ഹരമായി ചുരുളിയും കോസയും

ഐഎഫ്എഫ്‌കെയുടെ ആദ്യ ദിനത്തില്‍ ക്വോ വാഡിസ് ഐഡയും ഇന്‍ ബിറ്റ്‌വീന്‍ ഡയിങ്ങുമെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചുരുളിയും കോസയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്ത അനുഭവം.
ആദ്യ ദിനത്തേക്കാള്‍ സജീവമായിരുന്നു മേളയുടെ രണ്ടാം ദിനം. ലിജോ ജോസഫ് പല്ലിശ്ശേരിയുടെ ചുരുളിയാണ് രണ്ടാം ദിനത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം. ചിത്രത്തിന്റെ തലശ്ശേരിയിലെ ആദ്യ പ്രദര്‍ശനത്തിനുണ്ടായ ജനത്തിരക്ക് നിയന്ത്രണാതീതമായിരുന്നു. നിമിഷ നേരം കൊണ്ടാണ് ചുരുളിയുടെ പ്രദര്‍ശനത്തിനായുള്ള റിസര്‍വേഷന്‍ മുഴുവനായത്. റിസര്‍വേഷന്‍ ചെയ്യാത്തവര്‍ പോലും പ്രദര്‍ശന ഹാളില്‍ കയറാനായി തിടുക്കം കൂട്ടി.

പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്ന് മാറി വ്യത്യസ്ത പ്രമേയമാണ് ചുരുളിയിലൂടെ വരച്ചു കാട്ടുന്നത്. ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരുടെ ഓരോ ചുവടുവെപ്പിലും ദുരൂഹത നിറഞ്ഞ പലരും കടന്നുവരികയും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു. തെറ്റുകള്‍ ശരിയായും, ശരികള്‍ തെറ്റായും മാറിമറിയുന്ന സംഭവ വികാസങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.
മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത കോസയാണ് നല്ല തിരക്ക് അനുഭവപ്പെട്ട മറ്റൊരു ചിത്രം. മാവോവാദി വേട്ടയുടെ പശ്ചാത്തലത്തില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ദലിതരായ ആദിവാസി ബാലന്മാര്‍ക്കെതിരെയുള്ള പൊലീസ് നടപടികളെ ആസ്പദമാക്കിയുള്ളതാണ് കോസ.

ലോക സിനിമ വിഭാഗത്തില്‍ നെവര്‍ ഗൊണാ സ്നോ എഗൈന്‍, ദ വുമണ്‍ ഹു റാന്‍, അണ്‍ഡീന്‍, നോവേര്‍ സ്‌പെഷ്യല്‍, ഹൈ ഗ്രൗണ്ട്, എനദര്‍ റൗണ്ട് എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കോസ, മെമ്മറി ഹൗസ്, ബേഡ് വാച്ചിങ്, റോം, ചുരുളി, ബിലെസുവര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കെ പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, മഹേഷ് നാരായണന്റെ സീ യു സൂണ്‍ എന്നിവയാണ് രണ്ടാം ദിനത്തില്‍ മലയാള വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍.