കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

കോട്ടയം: കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

1939 ജൂൺ 2-ന് തിരുവല്ലയിൽ ഇരിങ്ങോലിലാണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.

ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിർത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകൾ’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങൾ’, ‘പ്രണയഗീതങ്ങൾ’, ‘ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എൻ.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.

പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം – (2010), വള്ളത്തോൾ പുരസ്കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംസ്‌കാരം നാളെ ഉച്ചയ‌്ക്ക് രണ്ട് മണിക്ക് തൈക്കാട് ശന്തികവാടത്തിൽ. ഭാര്യ: സാവിത്രി അന്തർജനം, മക്കൾ: അദിതി, അപർണ