മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി സ്ഥിരീകരിച്ചത്.
ഒമ്പതു പേരാണ് ഇതുവരെ മാർബർഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം വ്യാപിച്ചതോടെ ആരോഗ്യ പ്രവർത്തകർ സാമ്പിളുകൾ സെനഗലിലേക്ക് അയച്ച് രോഗസ്ഥിരീകരണം നടത്തിയിരുന്നു.നിലവിൽ ഒമ്പതു പേർ മരിച്ചുവെന്നും 16 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പനി, ക്ഷീണം, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ചിലർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഛർദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവർക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലർക്ക് രക്തം ഛർദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലർക്ക് മോണയിൽ നിന്നോ മൂക്കിൽ നിന്നോ ലൈംഗികാവയവങ്ങളിൽ നിന്നോ രക്തം വരും. 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം.
എബോള പോലെ, മാർബർഗ് വൈറസും വവ്വാലുകളിൽ നിന്ന് ഉത്ഭവിക്കുകയും രോഗബാധിതരുടെ ശരീരസ്രവങ്ങളുമായോ മലിനമായ ബെഡ് ഷീറ്റുകൾ പോലുള്ള പ്രതലങ്ങളുമായോ അടുത്തിടപഴകുന്നതിലൂടെ ആളുകൾക്കിടയിൽ രോഗം പടരുന്നു. മാർബർഗിനെ ചികിത്സിക്കാൻ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ഇല്ല. എന്നാൽ രോഗലക്ഷണങ്ങൾ ലഘൂകരിക്കാനുള്ള റീഹൈഡ്രേഷൻ ചികിത്സ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്തും.
ജർമ്മനിയിലെ മാർബർഗിലെയും സെർബിയയിലെ ബെൽഗ്രേഡിലെയും ലബോറട്ടറികളിൽ ഒരേസമയം രോഗം സ്ഥിരീകരിച്ചതിന് ശേഷം 1967-ലാണ് അപൂർവ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2004-ൽ അംഗോളയിൽ രോഗം വ്യാപിച്ചപ്പോൾ മാർബർഗ് ബാധിച്ച 252 പേരിൽ 90% പേരും മരിച്ചു. കഴിഞ്ഞ വർഷം ഘാനയിൽ രണ്ട് മാർബർഗ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.