രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനലവധിക്കാലത്തെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ സാധാരണക്കാരെയും കൃഷിയെയും സംരക്ഷിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മോദി നിർദ്ദേശം നൽകി.
എല്ലാ ദിവസവും പുതുക്കിയ കാലാവസ്ഥാ വിവരങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട തയ്യാറെടുപ്പ് നടത്തണം. കാട്ടുതീ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കണം. കടുത്ത ചൂടിനെ നേരിടാൻ കുട്ടികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ മൾട്ടിമീഡിയ ലെക്ചർ സെഷനുകൾ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.