ഭിന്നശേഷിക്കാർക്കായി കണ്ണൂരിലും മാജിക് പ്ലാനറ്റ്: ഗോപിനാഥ് മുതുകാട്
കണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കണ്ണൂരിലും മാജിക് പ്ലാനറ്റ് തുടങ്ങുമെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ആയിക്കര കെയർ ആൻഡ് കെയറസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് നൽകിയ ആദരവ് പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്കായി മേയർ ടി.ഒ. മോഹനന്റെയും സാന്ത്വന കേന്ദ്രമായ അത്താണിയുടയും നേതൃത്വത്തിൽ ശ്രമം നടന്നുവരുന്നുണ്ട്. അവസാനമായി നടന്ന 2016 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.2 ശതമാനമാണ് ഭിന്നശേഷിക്കാർ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 15 ശതമാനം ഭിന്നശേഷിക്കാരുണ്ട്. എന്നാൽ, ഇതിനിടയിലുള്ള 13 ശതമാനം എവിടെയാണ്. ഇവരെയാണ് ഇൻവിസിബിൾ മെജോരിറ്റി എന്ന് പറയുന്നത്(കാണാത്ത ഭൂരിപക്ഷം).
ഈ 13 ശതമാനത്തിനെ എന്ത് കൊണ്ടാണ് സർക്കാർ കാണാത്തത്. ഇവർ എവിടെയാണെന്നതാണ് ചോദ്യം.
ഇതിന് കാരണം ഇന്ത്യയിൽ പല മാളുകളിലും പാർക്കുകളിലും ബിൽഡിംഗുകളിലും പൊതു ഇടങ്ങളും ഇവരിൽ എത്രപേർക്ക് സുഖമമായി സഞ്ചരിക്കാൻ സാധിക്കുന്നുവെന്നതാണ്. അത്തരമൊരു ഭിന്നശേഷി സൗഹൃദാന്തരീക്ഷം പലയിടങ്ങളിലുമില്ല. ട്രെയിനിൽ ഡിസേബിൾഡ് കോച്ച് ഏറ്റവും മുന്നിൽ അല്ലെങ്കിൽ ഏറ്റവും പിറകിലുമാണുള്ളത്. ഇത് ഏറെ പ്രയാസമാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടാക്കുന്നത്.
കേരളത്തിൽ 2005 ൽ ആണ് അവസാനമായി സെൻസസ് എടുക്കുന്നത്. ഇത് പ്രകാരം എട്ടു ലക്ഷം ഭിന്നശേഷിക്കാർ കേരളത്തിലുണ്ട്. ഈ 2005 ന് ശേഷം എത്ര ഭിന്നശേഷിക്കാരുണ്ടെന്നുള്ളതിന്റെ കണക്ക് നമ്മുടെ കൈയിലില്ല.നിങ്ങൾ അമ്മമാർ കരഞ്ഞിരിക്കാതെ കൂടുതൽ ഊർജസ്വലരായി ഈ രീതിയിലേക്കാണ് ചിന്തിക്കേണ്ടത്. ആരുടെയും ദയാനുകന്പ നിങ്ങൾക്ക് വേണ്ടതില്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.