ബയോമെട്രിക് മസ്റ്ററിങ് നടത്തണം

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ഈ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അതിനനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30 നകം അവരുടെ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.