എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ.
തൃശ്ശൂർ: തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി.
പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.
അപകടസമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് തിരുവില്വാമലയിൽ മരിച്ച എട്ട് വയസുകാരിയുടെ അച്ഛൻ അശോക് കുമാർ പറഞ്ഞത്. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു.