കനത്ത മഴയില്‍ ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു; മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
കണ്ണുർ : കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ജയിലിന്റെ പിന്‍വശത്തെ മതില് 20 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. എ ഡി എം കെ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.
മരംവീണ് അഴീക്കോട് സൗത്ത് 10-ാം വാര്‍ഡിലെ കെ പി മാലതിയുടെ വീട് ഭാഗികമായി തകര്‍ന്നു. ചേലോറയിലെ വി പി ഹൗസില്‍ അശോകന്റെ വീടിന് മുകളില്‍ മരം വീണ് കുളിമുറിക്കും കിണറിനും നാശനഷ്ടം ഉണ്ടായി. സുരക്ഷാ ഭിത്തി തകര്‍ന്ന് വീണ് അഴീക്കോട് സൗത്ത് വെള്ളുവപ്പാറയില് സാജിദയുടെ വീടിനു കേടുപാട് സംഭവിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ആരാധന കോണ്‍വെന്റിന് മുകളില്‍ തെങ്ങു വീണ് അപകടമുണ്ടായി. എടക്കാട് പോലീസ് സ്റ്റേഷന് സമീപത്തെ 10 വീടുകളുടെ മുറ്റത്ത് വെള്ളം കയറി. മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
കൂത്തുപറമ്പ് നരവൂര്‍ നൂഞ്ചമ്പായിലെ ചന്ദ്രന്റെ വീട്ട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ന്യൂമാഹി കുറിച്ചിയില്‍ ചവോക്കുന്നിലെ എം എന്‍ ഹൗസില്‍ പുഷ്പ രാജന്റെ വീട്ടുമതില്‍ ഇടിഞ്ഞു. വീട് അപകടാവസ്ഥയിലായതിനാല്‍ മാറി താമസിക്കാന്‍ അധികൃതര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. കുറിച്ചിയില്‍ കിടാരന്‍കുന്ന് ആയിക്കാന്‍ പറമ്പത്ത് റാബിയുടെ വീട്ടുമതിലും ഇടിഞ്ഞു. ന്യൂമാഹി അഴീക്കല്‍ പരിമഠത്ത് ദേശീയപാതക്ക് സമീപത്തെ പൂമരം കെട്ടിടത്തിന് മുകളില്‍ വീണ് കടകള്‍ തകര്‍ന്നു. കുറിച്ചി സ്വദേശികളായ ഈരായിന്റവിട സന്തോഷ്, സുധാകരന്, രാജേഷ് നിവാസില്‍ എന്‍ വി ലീല, ഷാഫി എന്നിവരുടെ കടകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫീസ് പരിസരത്തെ പുലുണ്ട വീട്ടില്‍ അജിത് ലാലിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. അടുത്ത വീട്ടിലെ മതില് ഇടിഞ്ഞു വീണ് പന്ന്യന്നൂര്‍ വില്ലേജ് പരിധിയിലെ നെല്ലുള്ളതില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ കാലിന് പരിക്കേറ്റു. ബാലകൃഷ്ണന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
മുണ്ടേരി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മനോജ്, മഹേഷ്, മനൂപ് എന്നവര്‍ കുടുംബവുമായി താമസിക്കുന്ന വീടിന്റെ കിണര്‍ ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നു. മുണ്ടേരി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ അസ്മയുടെ വീടിനു സമീപത്തെ മതില് ചൊവ്വാഴ്ച രാത്രിയിലെ മഴയില്‍ ഇടിഞ്ഞു. മണ്ണിടിഞ്ഞ് വീണ് കിഴുത്തള്ളി വായനാശാലയ്ക്ക് സമീപത്തെ എന്‍ പ്രദീപന്റെ വീട്ടുകിണര്‍ അപകടാവസ്ഥയിലായി.തെങ്ങ് പൊട്ടിവീണ് കണ്ണപുരം വില്ലേജിലെ ഇട്ടമ്മല്‍ രവീന്ദ്രന്റെ വീടിന് നാശനഷ്ടം സംഭവിച്ചു.
രാമന്തളി വില്ലേജ് കുന്നത്തെരുവിലെ പി ടി രാഘവന്റെയും രാമന്തളി കുരിശുമുക്കിലെ പി വി.പ്രഭാകരന്, ഭാസ്കരന്, ലീല എന്നിവരുടെയും വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. രാമന്തളി കല്ലേറ്റുംകടവിലെ കെ വി സുരേന്ദ്രന്റെ വീടും തൊഴുത്തും ഭാഗികമായി തകര്‍ന്നു. രാമന്തളി ഓണപ്പറമ്പിലെ മനോഹരന്റെ വീടിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്നു. പുഴയോരം ഇടിഞ്ഞ് പാമ്പുരുത്തി ദ്വീപില്‍ പാമ്പുരുത്തി പാലത്തിനോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്ന എം പി കദീജയുടെ വീട് അപടകടാലസ്ഥയിലായി.
പരിയാരം വില്ലേജ് മുക്കുന്ന് ഇ ഒ നഗറില്‍ ചാലില്‍ മഹമൂദിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു. വലിയന്നൂര്‍ വില്ലേജില്‍ മുഹമ്മദ് ഷെരീഫിന്റെ വീടിന്റെ പിന്‍വശത്തെ മതില് തകര്‍ന്നു വീണു. വീട് അപകടാവസ്ഥയിലായതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ തിലാശി സ്ട്രീറ്റില്‍ വെസ്റ്റ്ബേ അപ്പാര്‍ട്ട്മെന്റിന് സമീപത്തെ പി എം താഹിറയുടെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് സമീപത്തെ മുഹമ്മദ് നിസാറിന്റെ വീടും സെപ്റ്റിക് ടാങ്കും ഭാഗികമായി തകരുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലംബിങ്ങ് സാധനങ്ങള്‍ എന്നിവക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താഹിറയുടെ കുടുംബത്തെ മകളുടെ വീട്ടിലേക്കും ഈ വീടിന്റെ താഴത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന ശാലിനിയുടെ കുടുംബത്തെ കുടുംബവീട്ടിലേക്കും മാറ്റി താമസിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ടു പോകുന്നതിനിടെ മതിലിടിഞ്ഞു വീണ് കണ്ണവം വട്ടോളിയിലെ തപസ്യ വീട്ടില്‍ സജീവന്റെ മകന് ദേവനന്ദിന്റെ കാലിന് പരിക്കേറ്റും. കുട്ടി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് കണ്ണവം ഇടുമ്പയിലെ നുസൈബ മന്‍സില്‍ ഇസ്മയിലിന്റെയും ദാറുല്‍ ഇഷ്ക്കില്‍ പാത്തുമ്മയുടെയും വീടിന് നാശനഷ്ടം സംഭവിച്ചു.
ബുധനാഴ്ച രാവിലെ ധര്‍മടം വെള്ളൊഴുക്കിലെ സഹീര്‍ റഹ്മാന്റെ മതില് ഇടിഞ്ഞു വീണ് സമീപത്തെ എം പി ഗംഗാധരന്റെ വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു.
ചൊവ്വാഴ്ച കടമ്പൂര് പഞ്ചായത്ത് 11-ാം വാര്‍ഡിലെ എം സി രോഹിണിയുടെ വീടിന് മുകളില്‍ മരം പൊട്ടിവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ ജുമാമസ്ജിദിന് സമീപം ആള്‍താമസമില്ലാത്ത പഴയ തറവാട് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു.