സുരക്ഷിത രക്തദാനത്തിന് ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കാൻ കേന്ദ്രം
രക്തദാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി രാജ്യത്ത് ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് (എന്‍എടി) നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിലും കാപിറ്റല്‍ ബ്ലഡ് സെന്റുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഏറ്റവും സുരക്ഷിതമായ രക്ത പരിശോധനാ മാര്‍ഗമാണ് എന്‍എടി.
ഹെപ്പറ്റൈറ്റിസ് സി (എച്ച്സിവി), ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി, മലേറിയ, സിഫിലിസ് തുടങ്ങിയ ജീവനു ഭീഷണിയുള്ള പ്രധാന വൈറസുകളെ തിരിച്ചറിയുന്നതിന് ഇത് സഹായിക്കുന്നു.
രക്തം സ്വീകരിക്കുന്നതിലൂടെ പകരാന്‍ സാധ്യതയുള്ള രോഗങ്ങളെ തടഞ്ഞ് സുരക്ഷ ഉറപ്പുവരുത്താന്‍ ഇത് ഏറെ സഹായിക്കും. പല ഘട്ടങ്ങളിലായി എന്‍എടി നടപ്പാക്കാന്‍ നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെ (എന്‍ബിടിസി) മേധാവി അനില്‍ കുമാര്‍ എഴുതിയ കത്ത് ന്യൂസ് 18-ന് ലഭിച്ചു. ഒരു സംഘടിത രക്തദാന സംവിധാനത്തിലൂടെ സുരക്ഷിതവും മതിയായ അളവിലും രക്തം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കത്തില്‍ പറഞ്ഞു.
നാഷണല്‍ തലാസിമിയ വെല്‍ഫയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ. ജെഎസ് അറോറയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതകാലത്ത് ഒട്ടേറെത്തവണ രക്തം സ്വീകരിക്കേണ്ടവരാണ് തലാസിമിയ രോഗികള്‍. അതിനാല്‍, രാജ്യത്ത് രക്തം ദാനം ചെയ്യുന്നവര്‍ക്ക് എന്‍എടി നിര്‍ബന്ധമാക്കണമെന്ന് ഡോ. അറോറ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ദേശീയ ഇക്യുഎ (എക്സ്റ്റേണല്‍ ക്വാളിറ്റി അസ്സസ്മെന്റ്) പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യം, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് (എന്‍ബിടിസി) ലക്ഷ്യമിടുന്നു. ഇത് പല ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുക.
ലാബോറട്ടറികളുടെ പരിശോധനാ സംവിധാനം രാജ്യത്തെ ഇതര ലാബോറട്ടറികളുമായി താരതമ്യപ്പെടുത്തുന്നതിന് ദേശീയ ഇക്യുഎ പദ്ധതി അനുവദിക്കുന്നു. ഒരു ലാബിലെ ഫലം മറ്റൊരു ലാബിലെ ഫലുമായി തട്ടിച്ചു നോക്കാനും ഇതുവഴി ഫലം കൂടുതല്‍ കൃത്യതയുള്ളതാക്കാനും കഴിയും. ഇക്യുഎ സെന്ററുകളിലായിരിക്കും എന്‍എടി പരിശോധനാ സംവിധാനം ലഭ്യമാകുക. രാജ്യമെമ്പാടുമായി 50 ഇക്യുഎ സെന്ററുകളാണ് നിലവിലുള്ളത്. ഓരോ സംസ്ഥാനത്തും രക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നതിന് ‘കാപിറ്റല്‍ ബ്ലഡ് സെന്റര്‍’ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍എടി സംവിധാനമില്ലാത്ത ആശുപത്രികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നിന്ന് പരിശോധനകള്‍ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കും.
എന്‍എടി അല്ലെങ്കില്‍ മറ്റ് അംഗീകൃത പരിശോധനകള്‍ ലഭ്യമല്ലാത്ത ആശുപത്രികള്‍ സ്വന്തമായി പരിശോധന നടത്തുന്നത് തടയാനും ഇത് ലക്ഷ്യമിടുന്നു. ന്യൂഡല്‍ഹിയിലെ എയിംസ്, ചണ്ഡീഗഡിലെ പിജിഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിലവില്‍ എന്‍എടി സംവിധാനം ലഭ്യമാണ്. ഇത് കൂടാതെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എസ്ജിപിജിഐ) ലഖ്നൗ, കിങ് ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെജിഎംസി) ലഖ്നൗ എന്നിവടങ്ങളിലും എന്‍എടി പരിശോധനാ സംവിധാനം ഉണ്ടെന്ന് അനില്‍ കുമാര്‍ ഡോ. അറോറയ്ക്ക് എഴുതി കത്തില്‍ വ്യക്തമാക്കുന്നു.