മൂവാറ്റുപുഴയിലെ വൃദ്ധസദനത്തില് കൂട്ടമരണം; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 5 സ്ത്രീകൾ,
മൂവാറ്റുപുഴ: അജ്ഞാത ത്വക്രോഗം ബാധിച്ച് നഗരസഭാ വയോജന കേന്ദ്രത്തിൽ കൂട്ടമരണം. ഇന്നലെ മാത്രം 2 പേർ മരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 5 വയോധികരാണു ത്വക്രോഗം ബാധിച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സമാന രോഗലക്ഷണങ്ങളുള്ള 6 പേരെ നഗരസഭ അധികൃതരും പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുന്നതാണ് പ്രാഥമിക ലക്ഷണം. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിൽ ഈ വ്രണങ്ങൾ വലുതാകുകയും പൊള്ളലേറ്റപോലെ ത്വക്ക് പൊളിയുകയും ചെയ്യും. തുടർന്ന് രക്തം ഛർദിച്ചു മരിക്കുകയുമാണ് ചെയ്യുന്നതെന്ന് വയോജന കേന്ദ്രം നടത്തിപ്പുകാർ മൊഴി നൽകി. ഇത്രയും മരണങ്ങൾ നടന്നിട്ടും ഇന്നലെ രണ്ടു പേർ മരിച്ച ശേഷം മാത്രമാണു സംഭവം പുറത്തറിഞ്ഞത് എന്നതിലാണു ദുരൂഹത.
പെരുമ്പാവൂർ ഐരാപുരം മഠത്തിൽ കമലം (73), പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), തിരുമാറാടി ഓലിപ്പുറം കുറുമ്പേൽ ഏലിയാമ്മ ജോർജ് (76), മൂവാറ്റുപുഴ നെഹ്റുപാർക്ക് കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരാണു മരിച്ചത്. ഇവരിൽ കമലവും ഏലിയാമ്മ സ്കറിയയും ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി. വയോജന കേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താൽക്കാലികമായി സുരക്ഷിത പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനാണു തീരുമാനം.
തങ്കമ്മ സാമുവൽ(81), കാർത്തു ജോസഫ്(72), ലീല നാരായണൻ (80), കുഞ്ഞുപെണ്ണ്(80), ജാനകി(68), ഗീത(67) എന്നിവരെയാണു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്.
ജൂലൈ 15 ന് ഏലിയാമ്മ ജോർജും, 19 ന് ലക്ഷ്മി കുട്ടപ്പനും മരിച്ചു. രോഗം മൂർച്ഛിച്ചതോടെ ആമിനയെ ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോയെങ്കിലും 27 ന് മരിച്ചു. എന്നാൽ 3 പേർ മാത്രമാണു ത്വക് രോഗത്താൽ മരിച്ചതെന്നും മറ്റുള്ളവർ വാർധക്യ സഹജമായ അസുഖം മൂലമാണു മരിച്ചതെന്നുമാണു വയോജന കേന്ദ്രം അധികൃതർ പറയുന്നത്.
ജൂലൈ ആദ്യവാരം മൂവാറ്റുപുഴ സ്വദേശിയായ കമലം ഹാസൻ എന്ന അന്തേവാസിയും മരിച്ചു. ഇവരുടെ കാലുകളിലും വ്രണങ്ങൾ ഉണ്ടായിരുന്നതായി മൃതദേഹം പരിശോധിച്ച കൗൺസിലർ ജോയ്സ് മേരി ആന്റണി പറഞ്ഞു. ആദ്യം മരിച്ച 3 പേരിൽ ഏലിയാമ്മ ജോർജിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ആമിന പരീതിനെ കബറടക്കുകയും ലക്ഷ്മി കുട്ടപ്പനെ നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയുമായിരുന്നു.