ഇനി വിവിധ സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം,
ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ് ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ നിയമനം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിവിധ സേവനങ്ങള്‍ക്ക് ഒറ്റ രേഖയായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതി.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വിശദമായി പറയുന്നത്. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം അനുസരിച്ച് പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ക്ഷേമ പദ്ധതികള്‍, പൊതു സേവനങ്ങള്‍, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ സുതാര്യവും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ ഇത് സഹായിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.മണ്‍സൂണ്‍ സമ്മേളനത്തിലാണ് ജനന മരണ രജിസ്‌ട്രേഷന്‍ (ഭേഭഗതി) നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്.