വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നുണ്ട്. വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ദസംഘം നടത്തിയ പരിശോധനയിലാണ് നിപാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. കോഴിക്കോട് നിപ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 42 ദിവസം ഇന്‍ക്യുബേഷന്‍ പിരീഡ് നാളെ അവസാനിക്കും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട്ട് കഴിഞ്ഞ മാസം ആറു പേർക്കാണ് നിപാ വൈറസ് പോസിറ്റീവായത്.