കാണാതായ അബിഗേൽ സാറാ റെജിയെ കണ്ടെത്തി.
കൊല്ലം ആയൂരിൽനിന്ന് കാണാതായ അബിഗേൽ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകൾക്ക് അവസാനമായി.
നവംബർ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേൽ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാൽ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.