എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പഠിക്കാനെത്തിയ തമിഴ്നാട് സംഘം മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം പഠിക്കാനെത്തിയ തമിഴ്നാട് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി. സംഘം തമിഴ്നാട്ടില്‍ കേരള മാതൃകയില്‍ എഐ കാമറകള്‍ സ്ഥാപിക്കാന്‍ താത്പര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ഡിസ്ട്രിക്ട് കണ്‍ട്രോള്‍ റൂം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ തമിഴ്‌നാട് സംഘം തങ്ങള്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.ഇതിന്റെ ഭാഗമായി കെല്‍ട്രോണ്‍ സംഘത്തെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചു. എഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് തമിഴ്നാട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എഐ കാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ വാഹന അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയില്‍ എഐ കാമറ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിലൂടെ എഐ ക്യാമറ പദ്ധതി വന്‍വിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.

എഐ കാമറ പദ്ധതിയില്‍ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയാണിത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് വിജയകരമായി നടക്കുന്ന പദ്ധതികളെ സമൂഹമധ്യത്തില്‍ വികൃതമാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനുള്ള മറുപടിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പദ്ധതിക്ക് ലഭിക്കുന്ന അംഗീകാരമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.