കണ്ണൂർ–മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആദ്യ സർവീസ് ഇന്നലെ വെളുപ്പിന് 1.20 ന് 167 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ടു. ആഴ്ചയിൽ 3 ദിവസമാണ് സർവീസ്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയ ക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ആദ്യ ഫ്ലൈറ്റിലെ ആദ്യ യാത്രക്കാരിക്ക് ബോർഡിങ് പാസ് നൽകി സർവീസ് ഉദ്ഘാടനം ചെയ്തു. യൂറോപ്പ്, യുഎസ്എ വിമാനത്താളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ–മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.