അക്ഷയ കേന്ദ്രങ്ങള്‍നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

കണ്ണൂര്‍ | സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂ എന്ന്‌ കണ്ണൂര്‍ അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവന നിരക്ക് പൊതു ജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനും, നല്‍കുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധമായും നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ, രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതു ജനങ്ങള്‍ക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലോ അറിയിക്കാം.

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അക്ഷയ ജില്ലാ ഓഫീസിലോ, സംസ്ഥാന ഓഫീസിലോ സമര്‍പ്പിക്കാം. സേവനങ്ങള്‍ക്ക് അമിത നിരക്കു ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം സിറ്റിസണ്‍ കോള്‍ സെന്ററിനെയോ (155300), ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിനെയോ (0497 2712987) അറിയിക്കുകയോ adpoknr.akshaya@kerala.gov.in ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.