ആന്റണി പെരുമ്പാവൂരിന് ആദായ നികുതിവകുപ്പ് നോട്ടീസ്; രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം

കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതിവകുപ്പ് വിശദീകരണം തേടി. ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളുടെ ഇടപാടുകൾ സംബന്ധിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒപ്പം നടൻ മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജിനും ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ചിരുന്നു. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് ആദായ നികുതിവകുപ്പ് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതിലും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.