തീര്‍ഥാടന ടൂറിസം; ശബരിമലയ്ക്കായി ബഹുഭാഷാ മൈക്രോസൈറ്റ്
സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയ്യാറാക്കുന്നത്. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ച് ബഹുഭാഷാ മൈക്രോസൈറ്റാണ് തയ്യാറാക്കുന്നത്. യാത്ര, താമസ സൗകര്യങ്ങള്‍, ബഹുഭാഷാ ഇ-ബ്രോഷറുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റാണ് വികസിപ്പിക്കുന്നത്.
ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടാണ് ശബരിമല മൈക്രോസൈറ്റ് വിപുലീകരിക്കുന്നത്. ശബരിമല തീര്‍ഥാടനത്തെക്കുറിച്ചുള്ള ഇ-ബ്രോഷര്‍, പ്രൊമോഷണല്‍ ഫിലിം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകള്‍ എന്നിവയും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല തീര്‍ഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാന്‍ ഇതുവഴി സാധിക്കും.
ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഇതുവഴി സംസ്ഥാനത്തെ സമ്പന്നമായ പൈതൃകം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും