അപേക്ഷ ഫോറത്തില്‍ മലയാളം മതി

കണ്ണൂർ : സർക്കാർ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ മലയാളത്തില്‍തന്നെ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലതല ഏകോപന സമിതി യോഗം.
ഓഫിസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിഥി തൊഴിലാളികളെ പരിഗണിച്ച്‌ അപേക്ഷ ഫോറങ്ങള്‍ രണ്ടു ഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും ഔദ്യോഗിക ഭാഷവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം.ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്ബ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി 10 മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്‍കി.