റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന്‍ ആരോണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും
കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന്‍ ആരോണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധന നിർണായകമാണ്. ഇന്നലെ കാലത്ത് പത്തരയോടെയാണ് റൂട്ട് കനാലുമായി ബന്ധപ്പെട്ട മൈനർ സർജറി പൂർത്തിയാക്കി നിരീക്ഷണത്തിലിരിക്കേ ആരോൺ മരിച്ചത്.
കുട്ടിക്ക് പെട്ടന്ന് ഓക്സിജൻ അളവ് കുറഞ്ഞെന്നും ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞുടനെ അനസ്തീഷ്യ ഡോക്ടർ ഉൾപ്പടെയുള്ളവർ പുറത്തേക്ക് പോയത് സംശയത്തിന് ഇടയാക്കിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞത്. ഇന്നലെ വൈകിട്ട് തഹസീൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മുണ്ടൂര്‍ സ്വദേശികളായ കെവിന്‍.. ഫെല്‍ജ ദമ്പതികളുടെ ഏക മകനായിരുന്നു മുന്നര വയസ്സുള്ള മകന്‍ ആരോൺ.