ആശ വർക്കർമാർ നടത്തുന്ന സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
‘
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ വര്‍ക്കര്‍മാരെ കേന്ദ്രസര്‍ക്കാര്‍ ഒരു തൊളിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ഇന്‍സെന്റീവ് തന്നെയാണ് ആശമാര്‍ക്ക് ഇന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കേരളം ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കി. ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായാണോ ഇതുവരേയും ഇന്‍സെന്റീവ് ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരായാണോ സമരം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
2005ലാണ് ആശ വര്‍ക്കര്‍മാര്‍ക്കായുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഈ ഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധമായിരുന്നില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ആശ പദ്ധതി നടപ്പാക്കിയത്. 2007 ജനുവരിയിലാണ് ഉത്തരവ് ഇറങ്ങിയത്. ഈ പദ്ധതി ആരംഭിച്ച സമയത്ത് തീരദേശമേഖലയിലും ആദിവാസി മേഖലയിലും പ്രവര്‍ത്തിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് കേരളം മുഴുവന്‍ ഇത് വ്യാപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.