ജനന, മരണ രജിസ്‌ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്

ജനനവും മരണവും യഥാസമയം രജിസ്റ്റർ ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ബോധവത്കരണം നടത്തണമെന്ന് ജനന, മരണ രജിസ്‌ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലയിലെ 13 തദ്ദേശ സ്ഥാപനങ്ങളിലെ വ്യക്തികൾ കഴിഞ്ഞ വർഷം 20 മുതൽ 29 ശതമാനം വരെ ജനന മരണ രജിസ്‌ട്രേഷൻ വൈകിയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ജനനവും മരണവും സംഭവദിവസം മുതൽ 21 ദിവസത്തിനുള്ളിൽ പ്രാദേശിക രജിസ്‌ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിർബന്ധമാണ്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, കന്റോൺമെൻറ് ബോർഡ് എന്നിവയാണ് പ്രാദേശിക രജിസ്‌ട്രേഷൻ യൂണിറ്റുകൾ. നിശ്ചിത ദിവസം കഴിഞ്ഞാൽ സംഭവദിവസം മുതൽ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം.
കഴിഞ്ഞ വർഷം ജില്ലയിൽ 36057 (18309 ആൺ, 17748 പെൺ) ജനന രജിസ്‌ട്രേഷനും 24734 (13180 ആൺ, 11554 പെൺ) മരണ രജിസ്‌ട്രേഷനും 175 നിർജീവ ജനനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനനം രജിസ്റ്റർ ചെയ്തത് തലശ്ശേരി നഗരസഭയിലും-6720, മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത് കണ്ണൂർ കോർപറേഷനിലും-3443 ആണ്.
വ്യക്തികൾ വൈകി രജിസ്‌ട്രേഷൻ നടത്തിയ തദ്ദേശ സ്ഥാപനം, രജിസ്‌ട്രേഷൻ, വൈകി ചെയ്ത രജിസ്‌ട്രേഷൻ, ശതമാനം എന്ന കണക്കിൽ ചുവടെ. ന്യൂമാഹി ഗ്രാമപഞ്ചായത്ത് 113, 33, 29.2%. പാനൂർ നഗരസഭ 340, 97, 28.5%, നാറാത്ത് ഗ്രാമപഞ്ചായത്ത് 163, 43, 26.4%, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് 147, 37, 25.2%, മാലൂർ ഗ്രാമപഞ്ചായത്ത് 148, 37, 25%, ധർമ്മടം ഗ്രാമപഞ്ചായത്ത് 185, 43, 23.2%, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് 181, 42, 23.2%, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് 239, 55, 23%, മുണ്ടേരി ഗ്രാമപഞ്ചായത്ത് 201, 43, 21.4%, കേളകം ഗ്രാമപഞ്ചായത്ത് 96, 20, 20.8%, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് 141, 29, 20.6%, മാടായി ഗ്രാമപഞ്ചായത്ത് 158, 32, 20.3%, ആറളം ഗ്രാമപഞ്ചായത്ത് 179, 36, 20.1%.
പഞ്ചായത്തുകളിൽ ഒരുവർഷം വരെ ജില്ലാ രജിസ്ട്രാറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളിൽ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം. അതിനുശേഷം ബന്ധപ്പെട്ട ആർഡിഒയുടെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാം. കുട്ടിയുടെ പേര് ചേർക്കാതെ രജിസ്റ്റർ ചെയ്ത ജനനങ്ങളിൽ ഒരു വർഷത്തിനകം സൗജന്യമായും അതിനുശേഷം അഞ്ച് രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേർക്കാം. 1970നു മുമ്പുള്ള രജിസ്‌ട്രേഷനുകളിലെ തിരുത്തലുകൾക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്‌ട്രേഷൻ അടിസ്ഥാന രേഖയായതിനാൽ ഭാവിയിൽ ഇഷ്ടാനുസരണം തിരുത്തലുകൾ വരുത്താൻ കഴിയുകയില്ല. അതിനാൽ ജനന-മരണ രജിസ്‌ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങൾ നല്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് അഡീഷണൽ ഡയറക്ടറാണ് ജനന-മരണ രജിസ്‌ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാർ.
ജില്ലയിൽ 71 ഗ്രാമപഞ്ചായത്തുകളും ഒമ്പത് നഗരസഭകളും ഒരു കോർപറേഷനും ഒരു കന്റോൺമെൻറും ഉൾപ്പെടെ ആകെ 82 രജിസ്‌ട്രേഷൻ യൂനിറ്റാണുള്ളത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിനാൽ ഇ ഫയലിംഗ് ആയി അപേക്ഷകൾ സ്വീകരിക്കാനും സേവനങ്ങൾ നൽകാനും സാധിക്കുന്നുണ്ട്. 1970 മുതലുള്ള എല്ലാ ജനന മരണ രജിസ്‌ട്രേഷനുകളും കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്.
ഇതു സംബന്ധിച്ച് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ അസി. കലക്ടർ അനൂപ് ഗാർഗ് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എം ധനീഷ്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ, നഗരസഭകളിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.