ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി: സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള താക്കീതെന്ന് മന്ത്രി വീണാ ജോര്‍ജ്
ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
നടി ഹണി റോസിന്റെ പരാതിയില്‍ രാത്രിയോടെയാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബിയെ ഇന്ന് ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.