സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ, മികച്ച മാർക്ക് സ്വീകരിക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ (എൻ.സി.എഫ്.എസ്.ഇ) ആണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്.

നിലവിൽ 12ആം ക്ലാസ് വിദ്യാർത്ഥികൾ ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുന്നത്. മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കുന്നു. അതിനുശേഷം ജൂലൈയിൽ സപ്ലിമെന്‍ററി പരീക്ഷ എഴുതി ഒരു വിഷയത്തിലെ മാർക്ക് മെച്ചപ്പെടുത്താൻ കഴിയും. പാസ്സാകാത്തവർക്കും ഈ പരീക്ഷ എഴുതാം. ഈ വർഷത്തെ 12-ാം ക്ലാസിലെ സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ 15 നാണ് നടന്നത്.

2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് രണ്ട് തവണ പരീക്ഷ നടത്തുക എന്ന നിർദേശം മുന്നോട്ടുവെച്ചു. പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള നിർദ്ദേശം തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് തവണ പരീക്ഷ നടത്തുമ്പോള്‍ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതാൻ കഴിയും. എന്നിട്ട് കൂടുതലുള്ള മാർക്ക് ഏതാണോ അത് സ്വീകരിക്കാം.