ചാന്ദ്നിയെ കൊന്നത് അസ്ഫാക് തന്നെ; പ്രതി കുറ്റസമ്മതം നടത്തിയെന്ന് എസ്പി

ആലുവ: ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാ​ഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.

അതിനിടെ, ദൃക്സാക്ഷിയായ താജുദ്ദീൻ പ്രതികരണവുമായി രം​ഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആറ് വയസ്സുള്ള കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ. കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത് കേസിൽ പിടിയിലായ അസ്ഫാക് ആലം തന്നെയാണ്. എന്നാൽ സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീൻ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് അസ്ഫാക് ആലത്തെ കാണുകയായിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോൾ തന്റേതാണെന്ന് അയാൾ പറഞ്ഞു. ഇയാൾക്കു പിറകെ രണ്ടു മൂന്നുപേർ‍ കൂടി മാർക്കറ്റിലേക്ക് പോയി. എന്നാൽ അവരെ കൃത്യമായി ഓർമ്മയില്ല താജുദ്ദീൻ പറഞ്ഞു. കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതിന് പിറകെയാണ് താജുദ്ദീൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്.

പിന്നീട് പൊലീസെത്തി പരിശോധിച്ചു. സിസിടിവിയിൽ കുട്ടിയുടെ കൈ പിടിച്ച് പോവുന്ന അസ്ഫാക് ആലത്തെ കണ്ടെങ്കിലും തിരിച്ച് കുട്ടിയെക്കൊണ്ട് പോവുന്നത് കണ്ടിരുന്നില്ല. എന്നാൽ ആദ്യത്തെ പരിശോധനയിൽ മാർക്കറ്റിൽ നിന്നും സൂചനയൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് മാർക്കറ്റിൽ പരിശോധന വീണ്ടും നടത്തിയത്. പരിശോധനയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൂന്ന് മണിക്ക് ശേഷം ഇതൊരു ഓപ്പൺ ബാറാണ്. ആലുവ മാർക്കറ്റിന്റെ പിറക് വശത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സിസിടിവി ഉൾപ്പെടെ പലതും വർക്ക് ചെയ്യുന്നില്ലെന്നും താജുദ്ദീൻ പറയുന്നു.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.