ചന്ദ്രയാൻ 3 വിക്ഷേപണം നാളെ
തിരുവനന്തപുരം. ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിക്കും. ഓഗസ്റ്റ് 24 നാണ് സോഫ്റ്റ് ലാൻഡിങ്.
ചന്ദ്രന്റെ അകത്തളങ്ങളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ 3. 2008 ഒക്ടോബർ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന്. ബഹികരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയം കൈവരിച്ചു.
10 മാസത്തെ പ്രവർത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ ഒന്ന് രാജ്യത്തിന്‍റെ ബഹിരാകാശ പരിശ്രമങ്ങൾക്ക് വലിയ കുതിപ്പാണ് നൽകിയത്.