വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു

വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്‌ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്‌ക്കുന്ന ഡി ബൂസ്റ്റ് പ്രക്രിയ ഇന്ന് വൈകിട്ട്

ഈ ഭ്രമണപഥത്തിൽ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. ഇതിന് ശേഷം ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും.
വേഗത കുറയ്‌ക്കുന്നതിനായി ചന്ദ്രയാൻ-3യിൽ നാല് ത്രസ്റ്റർ എഞ്ചിനുകളാണ് ഉള്ളത്. ഇതിൽ രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിച്ച് വേഗത കുറയ്‌ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ ത്രസ്റ്ററുകളുടെ സഹായത്തോടെ കുറച്ചു സമയം അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കും. ഇതിന് ശേഷമാകും സെക്കൻഡിൽ 1-2 മീറ്റർ വേഗതയിൽ താഴെ ഇറങ്ങുക. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി ഇത്തവണ ലാൻഡറിന്റെ പ്രവേശം കൃത്യമായി നിശ്ചയിക്കുന്നതായിരിക്കും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും.

ഇതിന് ശേഷം വാതിൽ തുറന്ന് ആറ് ചക്രങ്ങളുള്ള റോവർ, റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് സാധിക്കും. ചന്ദ്രനിലെ മണ്ണിന്റെ സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്. ഈ വിവരങ്ങളെല്ലാം തന്നെ ചന്ദ്രയാൻ-3യിൽ നിന്നും ബെംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്‌റ്റേഷൻ ശേഖരിക്കും