ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി

ചന്ദ്രന്റെ ഇതുവരെ ആരും തൊടാത്ത ദക്ഷിണധ്രുവത്തില്‍ വിജയക്കൊടി മിന്നിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവും ഇന്ത്യയ്ക്ക് പരിധിയല്ലെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐതിഹാസികമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം മാനവരാശിയുടെ ആകെ നേട്ടത്തിനാണെന്നും മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങള്‍ക്കും ഇത് പ്രോത്സാഹനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ഐഎസ്ആര്‍ഒയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഐതിഹാസിക ജയം ഇന്ത്യയെക്കുറിച്ച് നമ്മള്‍ പറഞ്ഞ് നടന്ന കഥകളെല്ലാം മാറ്റിമറിയ്ക്കുകയാണ്. ചന്ദ്രനിലേക്ക് ടൂര്‍ പോകാമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇത് ആധുനിക ഇന്ത്യയുടെ ഉദയമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഈ നിമിഷം 1.4 ബില്യണ്‍ ഹൃദയമിടിപ്പുകളുടെ ശക്തിയാണിതെന്നും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.