ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ 3 മുന്നോട്ട്‌.

ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ 3 മുന്നോട്ട്‌. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ പേടകം ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ്‌ ഇനി നാല് ദിവസത്തെ സഞ്ചാരം. ഇതിനിടയിൽ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച്‌ നേരിയ പാത തിരുത്തൽ വേണ്ടി വരും.

3.69 ലക്ഷം കിലോമീറ്റർ പിന്നിട്ട്‌, ശനിയാഴ്‌ച വൈകിട്ട്‌ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിന്‌ തൊട്ടരികെ എത്തും. തുടർന്ന്‌ ലിക്വിഡ്‌ അപോജി മോട്ടോർ വിപരീത ദിശയിൽ ജ്വലിപ്പിച്ച്‌ വേഗം നിയന്ത്രിച്ച്‌ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക്‌ കടത്തി വിടും.

266 കിലോ ഇന്ധനം അരമണിക്കൂർ ജ്വലിപ്പിച്ചാണ്‌ ചാന്ദ്ര പ്രവേശം സാധ്യമാക്കുക. നാല് ദിവസത്തിലായി പഥം താഴ്‌ത്തി ഉപരിതലത്തിലേക്ക്‌ അടുപ്പിക്കും. 17ന്‌ പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തി പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന്‌ ലാൻഡർ വേർപെടും. 23ന്‌ വൈകിട്ട്‌ 5.45ന്‌ ലാൻഡർ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യും.