ഇന്ന് ശിശുദിനം

ഇന്ന് ദേശീയ ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. കുട്ടികളെ ഇന്ത്യയുടെ ഭാവിയായി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കണ്ടിരുന്നു. അത് കുട്ടികളെ എന്നും അദ്ദേഹത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ഒരു കാരണമായി. അദ്ദേഹത്തിന്‍റെ ജന്മദിനം തന്നെ കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുതകാന്‍, ശിശുദിനമായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് എത്രയും അനുയോജ്യമാണ്.

നെഹ്‌റുവിന് മുമ്പും ശിശുദിനം ആഘോഷിച്ചിരുന്നു. 1857ല്‍ റോസ്‌ ഡേ എന്ന പേരില്‍ ജൂണ്‍ രണ്ടാം ഞായറാഴ്ച കുട്ടികള്‍ക്കായുള്ള ദിനം ആചരിച്ചു തുടങ്ങി. നാളുകള്‍ കഴിയവേ പല രാജ്യങ്ങളിലും (1950 മുതല്‍) കുട്ടികളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്‌ട്ര ദിനം ജൂണ്‍ ഒന്ന് ശിശുദിനമായി ആഘോഷിച്ചുതുടങ്ങി. 1954 മുതല്‍ സാര്‍വദേശീയ ശിശുദിനമായി നവംബര്‍ 20 ആഘോഷിച്ചു വന്നു. ഇന്ത്യയും 1956 മുതല്‍ അതിന്‍റെ ഭാഗമായിരുന്നു. നെഹ്‌റുവിന്‍റെ വേര്‍പാടിനു ശേഷം 1965 നവംബര്‍ 14 മുതല്‍ ദേശീയ ശിശുദിനമായി അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിച്ചു വരുന്നു.

കുട്ടികളെ ഒരു പൂന്തോട്ടത്തിലെ മൊട്ടുകളായി കണക്കാക്കിയിരുന്ന, സാമൂഹിക അടിത്തറയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന, രാജ്യത്തിന്‍റെ ഭാവിയാണെന്ന് ഉറക്കെപ്പറഞ്ഞിരുന്ന, കുട്ടികള്‍ക്കിടയില്‍ ഒരിക്കലും പക്ഷഭേദം അവര്‍ തന്നെ കണ്ടുപിടിക്കില്ല എന്ന് ഒർമിപ്പിച്ചിരുന്ന നെഹ്‌റുവിന്‍റെ 134ാമത് ജന്മദിനമാണ് 2023 നവംബര്‍ 14. ഈ ദിവസം മറ്റേതൊരു ശിശുദിനത്തെയും പോലെ ആഘോഷിച്ച് തീര്‍ന്നുപോകാതെ നമ്മുടെ കുട്ടികള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും, അവകാശങ്ങള്‍ക്കായി ചിന്തിക്കാനും തങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും ചിന്തിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവം ഓരോ കുട്ടിയിലുമുണര്‍ത്താനും നമുക്ക് ഓരോരുത്തര്‍ക്കുമാകണം.