ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
കണ്ണൂർ: മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ഇവയിൽ മൂന്നെണ്ണമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കണ്ണൂർ താലൂക്കിലെ 3 ക്യാംപുകളിലായി 179 പേരുണ്ട്. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കൻഡറി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ ആരംഭിച്ചത്.
താഴെ ചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ പത്ത് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. രാവിലെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
തലശ്ശേരി താലൂക്കിലെ കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽ ക്ഷോഭമുണ്ടായി. തലശ്ശേരി നഗരത്തിലും വെള്ളക്കെട്ടുണ്ടായി. തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാംപ് തുടങ്ങിയിരുന്നു.
വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് മടങ്ങി. ചൊക്ലിയിൽ അഞ്ച് കുടുംബങ്ങളിലെ 20 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ഒരു വീട് പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. ആറ് കിണറുകൾ താഴ്ന്നു.
ഇരിട്ടി താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. ഒരു കിണർ താഴ്ന്നു. ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി. മുഴപ്പിലങ്ങാട് ദേശീയ പാത നിർമാണ സ്ഥലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് നിന്നും നൂറിലേറെ പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഴപ്പിലങ്ങാട് ജി എച്ച് എസ് എസിൽ ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കിയിട്ടുണ്ട്.
കൺട്രോൾ സെൽ നമ്പർ: 0497-2713437