നാളികേര വിലകുതിക്കുന്നു
സംസ്ഥാനത്ത് നാളികേരത്തിന് അപ്രതീക്ഷിത വിലക്കയറ്റം. കിലോയ്ക്ക് 60 പിന്നിട്ട് വില കുതിക്കുകയാണ്. ഓണവിപണിയില്‍ കിലോയ്ക്ക് 40 മുതൽ 45 വരെ തോതിലായിരുന്നു വില. സാധാരണ ഓണത്തോടനുബന്ധിച്ചാണ് വിലവർധന ഉണ്ടാകുന്നതെങ്കില്‍ ഇത്തവണ കാര്യമായ വർധനയുണ്ടായില്ല. ഓണം കഴിഞ്ഞതോടെ വിലയില്‍ വൻവർധനയാണുണ്ടായത്. ഓണത്തിന് മുൻപ് വെളിച്ചെണ്ണ വില ക്വിന്റലിന് 16,400 രൂപയായിരുന്നു. ഇന്നലെ 19,400 ആയി വില ഉയർന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 3,000 രൂപ വർധിച്ചു. സാധാരണ നേരിയ തോതിലാണ് വർധനയുണ്ടാകുന്നതെങ്കില് ഇത്തവണ പെട്ടെന്നു വില കുതിച്ചുയരുകയായിരുന്നു. കൊപ്രവില ക്വിന്റലിന് 10,400ല്‍ നിന്ന് 12,400-ലേക്ക് എത്തി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2,000 രൂപയുടെ വർധന. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് വില വർധിച്ചതാണ് വെളിച്ചെണ്ണ വില കുതിച്ചുയരാൻ പ്രധാനകാരണമെന്നാണ് സൂചന. പാചകം ചെയ്യുന്ന ശുദ്ധീകരിച്ച എണ്ണയ്ക്ക് 5.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായും ശുദ്ധീകരിക്കാത്ത എണ്ണയ്ക്ക് 12.5 ശതമാനത്തില്‍നിന്ന് 37.5 ശതമാനമായുമാണ് ഇറക്കുമതിച്ചുങ്കം ഉയർത്തിയത്. കഴിഞ്ഞ 14 മുതല്‍ നികുതി വർധന പ്രാബല്യത്തിലായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇവ വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയത്. പ്രത്യേക സാഹചര്യം മുതലെടുത്ത് നേരത്തേ ഇറക്കുമതി ചെയ്ത എണ്ണവിപണിയില്‍ എത്തിക്കാതെ പിടിച്ചുവെച്ച് വിലയുയർത്താനുള്ള നീക്കമാണ് വൻകിട വ്യാപാരികള്‍ നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വെളിച്ചെണ്ണവില ഉയർന്നതോടെ മറ്റ് സസ്യ എണ്ണകള്‍ക്കും വില വർധിച്ചുതുടങ്ങിയിട്ടുണ്ട്. പാം ഓയിലിന് നേരത്തേ ലിറ്ററിന് 90 രൂപയായിരുന്നുവിലയെങ്കില് നിലവില്‍ 125 രൂപയായി വർധിച്ചു. സൂര്യകാന്തി എണ്ണയ്ക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില കിലോയ്ക്ക് 180-ല്‍നിന്ന് 220 രൂപയായി. തമിഴ്നാട്ടില്‍നിന്ന് ദിവസേന ലോഡ്കണക്കിന് നാളികേരമാണ് കേരളത്തിന്റെ വിപണിയിലേക്ക് എത്തിയിരുന്നത്. വില വർധിച്ചതോടെ തമിഴ്നാട്ടില്‍നിന്നുള്ള വരവും കുറഞ്ഞു. ഇത് ആഭ്യന്തരവിപണിയില്‍ വീണ്ടും വില വർധിക്കാൻ ഇടയാക്കും. കോഴിക്കോട്, കാസർഗോഡ് പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് നാളികേരം കൂടുതലായി ഉല്പാദിപ്പിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാളികേരത്തില്‍നിന്നും മൂല്യവർധിത ഉല്പന്നങ്ങളായ തേങ്ങാപ്പാല്‍, തേങ്ങാപ്പൊടി, സൗന്ദര്യവർധക വസ്തുക്കള്‍ തുടങ്ങിയവ ഉല്പാദിപ്പിക്കാൻ തുടങ്ങിയതും വിപണിയില്‍ നാളികേരത്തിന്റെ വരവ് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇത്തവണ തമിഴ്നാട്ടില്‍ ഉല്പാദനം കുറഞ്ഞതും തിരിച്ചടിയായി.