ദേശീയ ഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി

ദേശീയ ഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി. ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത് വിവാദമായിരുന്നു. പാലോട് രവി ദേശീയ ഗാനം തെറ്റിച്ചെന്ന് മനസിലാക്കിയ ടി സിദ്ദീഖ് എംഎല്‍എ ഉടനെ ഇടപെടുകയായിരുന്നു. 

പാടല്ലേ , സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീല ദേശീയ​ഗാനം തിരുത്തി പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പോലീസിനെ സമീപിച്ചത്.