സൗജന്യ മൊബൈൽ റീ ചാർജ്, വായ്പ പദ്ധതി: മുഖ്യമന്ത്രിയുടെ പേരിലും സൈബർ തട്ടിപ്പ്
പുതുവർഷത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞും സൈബർ തട്ടിപ്പ്. സൗജന്യ മൊബൈൽ റീച്ചാർജ്, മുഖ്യമന്ത്രിയുടെ വായ്പ പദ്ധതി എന്നീ പേരുകളിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയുടെ വായ്പ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ ലോൺ നൽകുന്നുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. സിബിൽ സ്‌കോർ ആവശ്യമില്ല, പ്രതിമാസം 2,190 രൂപ മാത്രമേ തിരിച്ചടവ് വരികയുള്ളൂ എന്നാണ് സന്ദേശങ്ങളിൽ വരുന്നത്. ഇതിന് ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യപ്പെടും. ആധാറും പാൻ കാർഡും അയച്ച് കൊടുക്കുന്നതിന് പിന്നാലെ മൊബൈലിലേക്ക് വരുന്ന ഒ ടി പി നമ്പർ ആവശ്യപ്പെടും. ഇത് അയച്ച് കൊടുക്കുന്നതോടെ അക്കൗണ്ടിലെ പണവും നഷ്ടമാകും.
724 രൂപയുടെ മൊബൈൽ റീച്ചാർജ് സൗജന്യമായി നൽകുമെന്ന് പറഞ്ഞാണ് മറ്റൊരു തട്ടിപ്പ്. ‘പുതുവർഷത്തിന്റെ സന്തോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും മൂന്ന് മാസത്തേക്ക് 749 രൂപയുടെ റീച്ചാർജ് സൗജന്യമായി നൽകുന്നു. അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ റീച്ചാർജിന്റെ പ്രയോജനം നേടൂ. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം’ ഇങ്ങനെയാണ് വാട്‌സാപ്പ് സന്ദേശം എത്തുന്നത്. ഇതിൻ്റെ താഴെ ഒരു ലിങ്കും നൽകിയിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ അക്കൗണ്ടിലുള്ള പണം നഷ്ടമാകും. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് നിർദേശമുണ്ട്.